Friday, April 19, 2024

ഇന്ത്യ

  പനി  കാണിക്കാൻ ധാരാളം ആളുകൾ വരും. ചിലർക്ക്  തലവേദനയുണ്ടാകും.ചിലർക്ക് ചുമയുണ്ടാകും.  നടുവേദന കാണിക്കാൻ കുറച്ച് പേര് .  ഗ്യാസ്, വയറെരിച്ചിൽ  , തരിപ്പ് , പെരുപ്പ്  എന്നൊക്കെ പറഞ്ഞ് കുറെ പേര് . പ്രഷറും പ്രമേഹവുമായി  സ്ഥിരമായി കാണിക്കുന്നവർ . സാധാരണ  ഒരു പി എച് സി യിൽ ഇത്തരം കേസുകളാണ് വരാറുള്ളത്. മുറിവുകൾ ഡ്രസ് ചെയ്യാനും കുറച്ച് പേരുണ്ടാകും.

പക്ഷെ, ഒരു ദിവസം ഒരാൾ ഓ പി യിൽ വന്ന്  എന്നോട് പറഞ്ഞത് ഇങ്ങനെയാണ് - '' എനിക്ക് ഭയങ്കര കോപമാണ് . അതിനെന്തെങ്കിലും മരുന്ന് തരണം." . അയാൾക്ക്  ദേഷ്യം കൂടുതലാണ് .  ഭാര്യയോട് ദേഷ്യം പിടിച്ച്  ഇടക്ക് അവരെ തല്ലും. ചിലപ്പോൾ കുട്ടികളെ തല്ലും. കൈയിൽ കിട്ടുന്ന സാധനമൊക്കെ വലിച്ചെറിയും. കൈ ചുമരിടിക്കും . കുടിയും വലിയും ഒന്നുമില്ലാത്ത മനുഷ്യനാണ് . മറ്റ്  ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

അയാൾ ഇത് പറയുമ്പോഴാണ്  പാദത്തിന്റെ മുകൾഭാഗത്ത്  ഉരഞ്ഞത്  പോലുള്ള ഒരു മുറിവ്  ശ്രദ്ധയിൽ പെട്ടത് . അത് എന്ത് പറ്റിയതാണെന്ന് ചോദിച്ചു . അയാളുടെ ദേഷ്യവും ആ പരുക്കുമായി ബന്ധമുണ്ടെന്ന് തോന്നി. 

" ഓട്ടോറിക്ഷ മറിഞ്ഞതാണ് " -  അയാൾ  പറഞ്ഞു .

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ മറിഞ്ഞു .

ഇദ്ദേഹം നാട്ടിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക്  10000  രൂപ കടം കൊടുത്തു . ഒരു മാസം കഴിഞ്ഞ്  പലിശ ഒന്നുമില്ലാതെ തിരിച്ചു കൊടുക്കണം.  പക്ഷെ, പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുത്തില്ല.  നാളെ , പിന്നീട്  , എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി . ആറു  മാസം കഴിഞ്ഞു  അതിനിടക്ക് ഇവർ തമ്മിലുള്ള ബന്ധം മോശമാക്കിയ മറ്റൊരു സംഭവവും ഉണ്ടായി.

ഒരു ദിവസം ഇദ്ദേഹം അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ്  ഓട്ടോറിക്ഷക്കാരൻ അവിടെ നിർത്തിയിരിക്കുന്നത് കണ്ടത് . നേരെ ഓട്ടോറിക്ഷയിൽ കയറി ഇരുന്നു. പൈസ കിട്ടാതെ താൻ ഇതിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല.

ഓട്ടോറിക്ഷക്കാരൻ ആദ്യം അനുനയിപ്പിക്കാൻ ശ്രമിച്ചു . ഇദ്ദേഹം വഴങ്ങിയില്ല.  പിന്നീട് തർക്കമായി  . അതിനിടയിൽ  ഓട്ടോക്കാരൻ ഓട്ടോയുമെടുത്ത് ഓടിക്കാൻ  തുടങ്ങി. ഓടിക്കുന്നതിനിടയിൽ ഓട്ടോക്കാരൻ ഒരു തെറി വാക്ക് പറഞ്ഞു . നിന്റെ തന്ത പറഞ്ഞാലും പൈസ തരില്ലെന്നും പറഞ്ഞു .

ഇത് കേട്ടപ്പോൾ ഇയാൾ പുറകിലെ സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ്  മറ്റേയാളുടെ മോന്തക്ക് ഒന്ന്  പൊട്ടിച്ചു .  അതിന്റെ കൂടെ ഒന്ന് കൂടെ സംഭവിച്ചു . ഓട്ടോയുടെ നിയന്ത്രണം പോയി, അത് മറിഞ്ഞു .

ഇയാളുടെ കാലിൽ ചില മുറിവുകൾ ഉണ്ടായി . ഡ്രൈവർക്ക്  ഒന്നും പറ്റിയില്ല.  ഓട്ടോറിക്ഷക്ക്  കുറച്ച് ചതവും ഒടിവും  ഒക്കെ ഉണ്ടായി.

നാട്ടിലെ രാഷ്ട്രീയക്കാർ ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കി . അത് പ്രകാരം ഇയാൾ  ഓട്ടോ റിക്ഷാ ഡ്രൈവർക്ക് 10000 രൂപ കൊടുത്ത് , കേസൊന്നും വേണ്ടെന്ന്  വെച്ചു . അങ്ങനെ ആദ്യത്തെ പതിനായിരത്തിന്റെ കൂടെ , ഒരു പതിനായിരം കൂടെ പോയി.

' ഇതിൽ നിന്നും എന്ത് മനസിലായി ' - ഞാൻ ചോദിച്ചു . 

ഞാൻ വിചാരിച്ച മറുപടി അല്ല, അയാൾ പറഞ്ഞത് .

''ഓട്ടോറിക്ഷക്കാർക്ക് പൈസ കടം കൊടുക്കരുത് എന്ന് മനസിലായി ''

പിന്നെന്ത് മനസിലായെന്ന് വെച്ചാൽ  ഓടുന്ന വാഹനത്തിൽ വെച്ച് ഡ്രൈവറുമായി തല്ലു കൂടരുത് 

കുറെ മുന്നെ നടന്ന സംഭവമാണ് .  ഇന്ത്യ  മുന്നണി  എന്നൊരു സഖ്യമുണ്ടാക്കി അതിൽ  തല്ലു  കൂടുന്ന  നേതാക്കളുടെ വാർത്ത വായിച്ചപ്പോൾ എനിക്ക്  അയാളെ ഓർമ്മ വന്നു.  ഈ വാഹനം മറിയാതെ നോക്കുകയെങ്കിലും ചെയ്യുമല്ലോ .



Saturday, September 30, 2023

മൃഗശാല

   " അതിനെ  ആ കൂട്ടിൽ നിന്ന് തുറന്നു വിടൂ ..  അത് സ്വന്തം വീട്ടിലേക്ക് പോകട്ടെ.. " - ഇതാണ് ഒരാൾ എഴുതിയത്. അതിനു പുറകെ  കുറെ പേര്  ഇതും പറഞ്ഞ് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.  എനിക്ക് എന്ത്  ചെയ്യാൻ പറ്റും ? അതിനെ കൂട്ടിൽ  പിടിച്ച് ഇട്ടത് ഞാനല്ലല്ലോ ..

തിരുവനന്തപുരം മൃഗശാലയിലെ  മലയണ്ണാന്റെ  ഒരു ഫോട്ടോ  എടുത്ത് ഞാൻ അത് ഒരു ബ്ലോഗിൽ പോസ്റ്റ് ചെയ്തതാണ്  സംഗതി.  എന്ത് കൊണ്ടോ  പ്രസിദ്ധനായ  ഒരു ഫോട്ടോ ബ്ലോഗർ  ഈ പോസ്റ്റിനെ ലിങ്ക് ചെയ്തു കൊണ്ട് ഒരു പോസ്റ്റ് ഇട്ടു . ഒരു പാട് വായനക്കാർ ഉള്ള ഒരു അമേരിക്കൻ ബ്ലോഗ് .. അങ്ങനെയാണ്  എന്റെ ഫോട്ടോ  ഒരു പാട് ആളുകൾ  കാണാൻ ഇടയായത്.  അമേരിക്കക്കാരന്  ഇവിടുത്തെ ജീവജാലങ്ങളോടുള്ള  താല്പര്യമാണ്  എന്റെ ബ്ലോഗ്  വായിക്കാൻ കാരണമായത്.  

ഒരു വന്യജീവിയെ കൂട്ടിൽ പിടിച്ച് വെച്ചത്  ആളുകൾക്ക്  പിടിച്ചില്ല എന്ന് തോന്നുന്നു.  

 പതിനാറ് പതിനേഴ്    കൊല്ലം മുന്നത്തെ കഥയാണ് .  ബ്ലോഗ് ആണ്  അന്നത്തെ ട്രെൻഡ്  . പലരും ബ്ലോഗ് തുടങ്ങുന്നു  ഞാനും തുടങ്ങി   ബ്ലോഗ് . ഒന്നല്ല , പല പ്ലാറ്റുഫോമുകളിലായി   പത്തിരുപത്  എണ്ണം . അന്ന്  എഴുതാനറിഞ്ഞു കൂടായിരുന്നു.  അതിനാൽ ഫോട്ടോകൾ  ആയിരുന്നു മെയിൻ .  ആ ബ്ലോഗുകൾ  ഇപ്പോൾ  എവിടെ  എന്നറിയില്ല..  ഇന്റർനെറ്റിന്റെ  വിശാലലോകത്ത്  കുറച്ച് കുഞ്ഞു ബ്ലോഗുകൾ  അതിന്റെ പിതാവിനെ തേടി  നടക്കുന്നുവോ  എന്തോ ? 

ഇതിനു പുറമെ  ഫോട്ടോകൾ  ഷെയർ ചെയ്യാൻ  ഉള്ള സംഗതികളിലെല്ലാം  അകൗണ്ട് ഉണ്ടായിരുന്നു.  യാഹൂവിലും റെഡിഫിലും  ഇ സ്നിപ്സിലും  യു ട്യൂബിലും ഒക്കെ അപ്ലോഡ്  ചെയ്തിട്ടുണ്ട് . പിന്നെ ഓർക്കൂട്ട് വന്നു  .  ട്വിറ്ററിലും  ചേർന്നിരുന്നു.  അതാരോ ഹാക്ക് ചെയ്തു കൊണ്ട് പോയി.  കുറച്ച് കാലത്തിനു ശേഷം തിരിച്ചു കിട്ടി.  അധികം ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല.  

കൂടുതൽ ഉപയോഗിച്ച സാധനം ഫേസ്ബുക് തന്നെ.  വാട്സാപ്പ്  ഇഷ്ടമില്ലാതിരുന്നെങ്കിലും ജീവിതത്തിന്റെ  അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.  ഇപ്പോൾ  വാട്സാപ്പ് ചാനൽ  തുടങ്ങിയപ്പോൾ  അതിലും പോയി ചേരുകയാണ് ..  ചുമ്മാ  തുടങ്ങുകയാണ് .  കാര്യമായി ഒന്നും  ചെയ്യാൻ ഉദ്ദേശിക്കുന്നില്ല..  ഫോളോ  ചെയ്യാനുള്ള അഭ്യർത്ഥനയല്ല. 


https://whatsapp.com/channel/0029Va52lC5KrWQw7MC4iY23






Tuesday, September 5, 2023

മാസപൂജ


 ഒട്ടും നിനച്ചിരിക്കാതെയാണ്  ഒരു ശബരിമല  ഡ്യുട്ടി അടിച്ചു കിട്ടിയത്. പത്ത് പന്ത്രണ്ട്  വര്ഷം മുന്നത്തെ കഥയാണ് .  മാസപൂജയാണ് . ആറു  ദിവസത്തെ ഡ്യുട്ടി .

രാത്രി ട്രെയിനിന്  ടിക്കറ്റ്  കിട്ടി. ഒപ്പം ഡ്യുട്ടി ഉണ്ടായിരുന്ന  മൂന്നു പേരും വണ്ടിയിൽ ഉണ്ടായിരുന്നു. 

രാവിലെ ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി.  ഒരു ബസ്സിൽ കയറി പത്തനംതിട്ടക്ക്  വിട്ടു.  ഒരു കാലിച്ചായ കുടിച്ച്  പമ്പയിലേക്കുള്ള  ബസ്സ്  കാത്തിരിപ്പായി. 

മാസപൂജക്കുള്ള  ഡ്യുട്ടി  കൂടുതൽ ദുരിതമയമാണ് . ഏറ്റവും ആദ്യത്തെ  പ്രശ്‍നം  അങ്ങോട്ടുള്ള ബസ്സുകൾ  കുറവായിരിക്കുമെന്നതാണ് .

അങ്ങനെ ഒരു മുക്കാൽ മണിക്കൂർ കാത്തിരുന്നപ്പോൾ  പമ്പ എന്ന ബോർഡ് വെച്ച  കെ എസ്  ആർ ടി സി ബസ്സ്  അവിടെ എത്തി. രാവിലെ  ആകെ ക്ഷീണത്തിലാണ്‌ . രാവിലത്തെ സ്ഥിരം കൃത്യങ്ങൾ ഒന്നും നടന്നിട്ടുമില്ല . എങ്കിലും  ബസ്സ്  കണ്ടപ്പോൾ അതിൽ ഓടിക്കയറി . ഒരുപാടാളുകൾ അതിൽ ഉണ്ടായിരുന്നു.

ഓടിക്കിതച്ച്  ബസ്സ്  പമ്പയിൽ എത്തി .  ബസ്സിൽ നിന്നിറങ്ങിയ പലരും  പല വഴിക്ക് പോയി. ഞങ്ങൾ  നാല്  ജീവാത്മാക്കൾ  അവിടെയുള്ള  ദേവസ്വം ബോർഡിന്റെ കെട്ടിടം കണ്ട്  അങ്ങോട്ട് നീങ്ങി  . അത് തുറന്നിട്ടിരിക്കുന്നു. പക്ഷെ, അവിടെയെങ്ങും  ഒരു മനുഷ്യനുമില്ല .

അവിടെയുള്ള  മുറികളിൽ ഒരു മുറി മാത്രം തുറന്നിട്ടിരിക്കുന്നു.   കെ . ജയകുമാർ  ഐ എ എസ്  എന്ന ഒരു ബോർഡ് റൂമിനു മുകളിൽ ഉണ്ട്.  സ്‌പെഷൽ ഓഫീസർ ആണെന്ന് തോന്നുന്നു.

ഞങ്ങൾ ഉള്ളിൽ കയറി . ബാഗുകൾ അവിടെ വെച്ചു . തിരക്കുള്ളവൻ തോർത്ത് മുണ്ടെടുത്ത്  ബാത്ത് റൂമിലേക്ക് നടന്നു. മറ്റുള്ളവർ ബ്രഷും പേസ്റ്റും എടുത്തു . 

അങ്ങനെ  ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ  ഒരു മനുഷ്യൻ അവിടെ പാഞ്ഞെത്തി. കുറച്ച് ദേഷ്യത്തിലാണ് . "നിങ്ങൾ എന്തിനാണ്  ഈ മുറിയിൽ കടന്നത് ? "  അയാൾ ചോദിച്ചു .

ഞാൻ വിശദീകരിച്ചു . കുഴപ്പക്കാരല്ല. ശബരിമല  ഡ്യുട്ടിക്ക്‌  വന്നവരാണ് . പ്രഭാതകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല.

''കെ  ജയകുമാർ ഐ എ എസ്   സാറിന്റെ മുറിയാണ് . സമ്മതം ചോദിക്കാതെ  അവിടെ  കടക്കാൻ പാടില്ല '' - 

അയാൾ കുറച്ച് തണുത്തിരുന്നു.  അങ്ങേര്  പറയുന്നത്  ആരും ശ്രദ്ധിക്കാനേ  പോയില്ല.

''  സാറിനോട് ഒരു ബഹുമാനമില്ലേ  .. സാറിന്റെ  ബാത്ത്റൂമൊക്കെ  ഉപയോഗിക്കുക എന്ന് വെച്ചാൽ .''  മെല്ലെ എന്നോട് പറഞ്ഞു . പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.  കുറച്ച് കഴിഞ്ഞപ്പോൾ  നിങ്ങൾക്ക് ചായ വേണോ  എന്ന്  ചോദിക്കുകയും ചെയ്തു.  മാത്രമല്ല , ചായ സംഘടിപ്പിച്ച് തരികയും ചെയ്തു .   അവിടുത്തെ സ്ഥിതിയിൽ ചായ എന്ന് വെച്ചാൽ  വലിയ ഒരാശ്വാസമായിരുന്നു.  പിന്നീട്  മറ്റു ജീവനക്കാരും വന്നപ്പോൾ  ഓരോരുത്തരുടെയും സ്റ്റേഷനിലേക്ക്  പോയി.

ഇപ്പോഴൊക്കെ  ശബരിമല ഡ്യുട്ടിക്ക്  പോകുമ്പോൾ   പത്തനംതിട്ടയിലെ ഒരു സുഹൃത്ത്  കാറും ഡ്രൈവറെയുമൊക്കെ  അയച്ചു തരാറുള്ളത്  സമാധാനമാണ് . 
















Thursday, August 24, 2023

      നേരം വൈകിയ നേരം.  ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ്  ഒരു  മോട്ടോർ സൈക്കിൾ ഓടിച്ച്   പെട്ടെന്ന്  മുറ്റത്ത് വന്ന്  നിർത്തി.  പിന്നെ  തന്റെ ബാഗുമെടുത്ത്  റൂമിനകത്ത് വന്നു  . ഓടിക്കിതച്ച്  വന്നതിന്റെ ഒരങ്കലാപ്പ്  ചങ്ങാതിയുടെ മുഖത്ത് ഉണ്ട് .

പിന്നീടയാൾ  ഒരു ചാർട്ട്  എടുത്ത് തന്റെ  മരുന്നിനെക്കുറിച്ച്  പറയാൻ തുടങ്ങി. എനിക്ക് ഒരു പൊരുത്തക്കേട്  തോന്നി.  സംഗതി മനസിലായപ്പോൾ ഞാൻ അയാളോട്  പറഞ്ഞു -'' നിങ്ങൾ  വേറൊരു കമ്പനിയുടെ പ്രൊഡക്ടിനെപ്പറ്റിയാണ്  പറഞ്ഞു കൊണ്ടിരിക്കുന്നുന്നത് ..''

അയാൾ ഒന്ന് നിർത്തി . ചെറിയൊരു ചമ്മലോടെ  തന്റെ കമ്പനിയുടെ മരുന്നിനെപ്പറ്റി പറയാൻ തുടങ്ങി.

അവസാനം അയാൾ പറഞ്ഞു - പന്ത്രണ്ട് കൊല്ലമായി അയാൾ  ഒരു മരുന്ന്  കമ്പനിയുടെ റെപ്  ആയി  ജോലി ചെയ്യുകയായിരുന്നു.  കഴിഞ്ഞ മാസം അയാളെ പിരിച്ച് വിട്ടു  . ഒപ്പം മറ്റു പത്ത് പേരെയും.

കാരണം എന്തെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യം എന്റെ മനസിലുണ്ടാകുമെന്ന് തോന്നിയോ എന്തോ .. അയാൾ പറഞ്ഞു - 'We want young blood '  എന്നാണ്  കാരണമായി പറഞ്ഞത്.

നാളെ തൊട്ട്  നിങ്ങൾക്ക് ജോലി ഇല്ല  എന്ന്  പെട്ടെന്നൊരു ദിവസം കേട്ടാൽ  ഞാൻ ആണെങ്കിൽ  തകർന്ന് പോകും.  ഇനിയുള്ള കാലത്ത്  ജോലി സുരക്ഷിതത്വം  എന്നത് ഇല്ലെന്നാണ് പറയപ്പെടുന്നത്.  എങ്കിലും സുരക്ഷിതത്വ ബോധം നൽകുന്ന ഒന്നും ഇല്ലാതിരിക്കുമ്പോൾ  മനുഷ്യന് എങ്ങനെ  സമാധാനമായിരിക്കാൻ പറ്റും ?  

കേരളത്തിലെ  ചെറുപ്പക്കാർ  പി എസ്  സി  ജോലിക്ക്  പുറകെ നടക്കുന്നത് എന്തിനാണെന്നും എന്തൊരു  മണ്ടന്മാർ ആണ്  ഇവരെന്നും ഉള്ള  ഒരു ചോദ്യം   ഇവിടെ ഇടക്കിടക്ക് കേൾക്കാറുണ്ട് .  ജോലി സുരക്ഷിതത്വത്തിനുള്ള  ആഗ്രഹം ആയിരിക്കാം  പി എസ്  സി  ജോലികൾക്കുള്ള കഠിന ശ്രമത്തിനു പുറകിൽ.   ആ ചോദ്യം ചോദിക്കുന്നവർ  എല്ലാം നല്ല നിലയിൽ കഴിയുന്നവരുമാണ് . 




Friday, August 11, 2023

ആയുർവേദം

 " രാവിലെ എഴുന്നേറ്റ പാടെ  രണ്ട് ഗ്ളാസ്  കയ്പ്പക്ക ജ്യുസ് കുടിക്കും  .. പിന്നെ അഞ്ചാറു കിലോമീറ്റർ ഓടും ..മരുന്നൊക്കെ നിർത്തി. ഇപ്പോൾ എന്റെ ഷുഗർ ഒക്കെ പോയി.."  - സ്‌കൂളിൽ കൂടെ പഠിച്ച സുഹൃത്താണ് . കുറച്ച് കാലം  മുമ്പ് പ്രമേഹം വന്നിരുന്നു.

ചങ്ങാതിയുടെ യുക്തി  വ്യക്തമാണ് . പഞ്ചസാരയുടെ അസുഖമുള്ളപ്പോൾ   കയ്പുള്ളത്  അതിന് പ്രതിവിധിയാകും.  ബ്ലഡ് ഷുഗർ കുറയുന്നുമുണ്ട്.

ചങ്ങാതിക്ക് ഒരു ചേട്ടൻ ഉണ്ട് . അങ്ങേർക്കും പ്രമേഹമുണ്ട്  . കൃത്യമായി ഡോക്ടറെ കാണിക്കും.  ഒരു പ്രമേഹ രോഗവിദഗ്ദനെയാണ് കാണിക്കുന്നത്.  പക്ഷെ , ഡോക്ടർ പറയുന്നത് പ്രകാരമൊന്നും ചെയ്യില്ല. മരുന്നുകൾ കൃത്യമായി കഴിക്കുകയോ  നല്ല രീതിയിലുള്ള ആഹാര നിയന്ത്രണമോ ഇല്ല. പഞ്ചസാര ചേർത്തതൊന്നും കഴിക്കുകയില്ലെന്നേയുള്ളൂ .   പിന്നീട്  പ്രമേഹരോഗം കിഡ്‌നിയെ  ബാധിച്ച് തുടങ്ങിയതായി  കണ്ടു .  നാട്ടുകാർ പറയുന്നത്  ഷുഗറിന്  ഗുളിക കഴിച്ച് കിഡ്‌നി അടിച്ചു പോയി എന്നാണ് . 

ഒരു വ്യക്തി ആയുർവേദം  കഴിച്ചിട്ട്  ലിവർ കേടായി   എന്ന് പറയുന്നതിനും  ഈ യുക്തി ഒക്കെയേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.   മരിച്ചു പോയവരുടെ അസുഖങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിൽ ഒരു നൈതികപ്രശ്‍നം കൂടെയില്ലേ ? 

ഒരു പഠനഫലത്തെപ്പറ്റി  പറയുന്നത് വേറെ ഒരു കാര്യമാണ് .

{ ഞാൻ ആയുർ വേദത്തിന്റെ  ആരാധകനോ അനുയായിയോ അല്ല }